Wednesday, August 12, 2015

യാക്കൂബില്‍നിന്ന് പഠിക്കാനുള്ളത്‌
അഡ്വ. കാളീശ്വരം രാജ്‌
T- T T+
'വധശിക്ഷ: ന്യായമോ അന്യായമോ' എന്ന മാതൃഭൂമി സംവാദത്തില്‍ പങ്കെടുത്തുകൊണ്ട് അഭിഭാഷകനായ കാളീശ്വരം രാജ് എഴുതുന്നു


കൊലപാതകം കൂടുതല്‍ ഹീനമാകുന്നത് അതിന്റെ മുന്നൊരുക്കത്തിന്റെയും സന്നാഹങ്ങളുടെയും അതു നിര്‍വഹിക്കുന്ന രീതിയുടെയുംകൂടി പേരിലാണ്. അങ്ങനെനോക്കുമ്പോള്‍, ലോക്കപ്പുമുതല്‍ ജയില്‍വരെ, പോലീസുകാര്‍മുതല്‍ ന്യായാധിപര്‍വരെ, നിയമഗ്രന്ഥങ്ങള്‍തൊട്ട് ആരാച്ചാരുടെ കൈയിലെ കയറുവരെ നീളുന്ന ഒട്ടേറെ സംവിധാനങ്ങളും സാമഗ്രികളും ഉപയോഗിച്ച്, നൂറ്റാണ്ടുകളായി, ഭരണകൂടം നടപ്പാക്കുന്ന വധശിക്ഷയാണ് ഏറ്റവും ഹീനമായ കൊലപാതകമെന്ന് അല്‍ബേര്‍ കമ്യൂ നിരീക്ഷിക്കുന്നുണ്ട്. വധശിക്ഷ, മനുഷ്യരാശിയുടെ ഒരേയൊരു അവിതര്‍ക്കിതമായ ഐക്യദാര്‍ഢ്യത്തെ മരണത്തിനെതിരായ ഐക്യദാര്‍ഢ്യത്തെ ഇല്ലാതാക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു.

യാക്കൂബ് മേമനെ വിചാരണചെയ്ത കേസില്‍ മുംബൈ സ്‌ഫോടനവുമായി ബന്ധപ്പെട്ട മുഖ്യപ്രതികളെ ടൈഗര്‍ മേമന്‍ മുതല്‍ ദാവൂദ് ഇബ്രാഹിംവരെയുള്ളവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. സ്‌ഫോടനപരമ്പരയുമായി നേരിട്ടു ബന്ധമില്ലാത്ത യാക്കൂബിനെതിരെയുള്ള ആേരാപണം ഗൂഢാലോചനയെയും കുറ്റകൃത്യത്തെക്കുറിച്ചുള്ള മുന്നറിവിനെയുംചൊല്ലിയുള്ളതായിരുന്നു. പാകിസ്താന്റെയും അധോലോക ഭീകരവാദികളുടെയും കൊടുംക്രൂരതകളെ തുറന്നുകാണിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞത് അന്വേഷണത്തോടുള്ള യാക്കൂബിന്റെ സഹകരണത്തിന്റെയും അദ്ദേഹം നല്‍കിയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ്. യാക്കൂബ് വധശിക്ഷയര്‍ഹിക്കുന്നില്ലെന്ന് 'റോ' തലവന്‍ ബി. രാമന്‍ അഭിപ്രായപ്പെട്ടത് പുറംലോകമറിഞ്ഞത് രാമന്റെ മരണത്തിനുശേഷമാണ്. ആരോപിക്കപ്പെട്ട ഗൂഢാലോചനയുടെ പേരില്‍ വധശിക്ഷ നല്‍കുന്നത് ശരിയാണോ എന്ന ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ചോദ്യത്തിന് അദ്ദേഹമുന്നയിച്ച ഇതര നിയമപ്രശ്‌നങ്ങളെപ്പോലെതന്നെ പ്രസക്തിയുണ്ട്. ടാഡാ കോടതി 2007 ജൂലായ് 26നാണ് യാക്കൂബിനെ വധശിക്ഷയ്ക്കു വിധിച്ചത്. ''നിങ്ങള്‍ കുറ്റകൃത്യം ചെയ്തിട്ടില്ലെങ്കിലും അത് പ്‌ളാന്‍ചെയ്തതില്‍ നിങ്ങള്‍ക്കു പങ്കുണ്ടെന്നതിനാല്‍ നിങ്ങളെ കഴുമരത്തിലേറ്റാന്‍ വിധിക്കുന്നു'' ടാഡാ കോടതി ജഡ്ജി പി.ഡി. കോഡെ പറഞ്ഞു. ''താന്‍ ചെയ്യുന്നതെന്തെന്നറിയാത്ത ഈ ന്യായാധിപനോട് ദൈവമേ, അങ്ങ് പൊറുക്കേണമേ'' തുറന്ന കോടതിയില്‍വെച്ച് അപ്പോള്‍ത്തന്നെ യാക്കൂബ് പ്രതിവചിച്ചു.

'ടാഡ'യിലെ വ്യവസ്ഥകളനുസരിച്ച് ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ചെയ്യാന്‍ കഴിയുമായിരുന്നില്ല. നേരിട്ട് സുപ്രീംകോടതിയിലാണ് അപ്പീല്‍ ഫയല്‍ചെയ്യേണ്ടത്. 2013ല്‍ സുപ്രീംകോടതി യാക്കൂബിന്റെ വധശിക്ഷ ശരിവെച്ചു. യാക്കൂബിനുവേണ്ടി സഹോദരന്‍ സമര്‍പ്പിച്ച ദയാഹര്‍ജി 2014ല്‍ രാഷ്ട്രപതി തള്ളി. വധശിക്ഷ ശരിവെച്ച വിധിക്കെതിരെ ഫയല്‍ചെയ്ത തെറ്റുതിരുത്തല്‍ ഹര്‍ജി സുപ്രീംകോടതി ജൂലായ് 21ന് തള്ളി. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ സുപ്രീംകോടതി ചട്ടങ്ങള്‍ക്കനുസൃതമായല്ല നടന്നതെന്നു വ്യക്തമാക്കിയ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ വിയോജനവിധി അതിന്റെ മാനുഷികവും ദൈവികവുമായ സ്വരത്തിന്റെ പേരിലാണു ശ്രദ്ധേയമാകുന്നത്. നിയമം മനുഷ്യനുവേണ്ടിയാണെന്നു പറഞ്ഞുകൊണ്ട് അദ്ദേഹം സഹന്യായാധിപനായ ജസ്റ്റിസ് ദവെയോടു വിയോജിച്ചു.

പിറ്റേദിവസം, വിഷയം ജസ്റ്റിസ് ദീപക്മിശ്ര അധ്യക്ഷനായ മൂന്നംഗസംഘത്തിന്റെ പരിഗണനയ്ക്കു വന്നു. സുപ്രീംകോടതി ചട്ടങ്ങളിലെ 48ാം ഓര്‍ഡറിന്റെ നാലാം ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ തെറ്റുതിരുത്തല്‍ഹര്‍ജികേട്ട ബെഞ്ചിന്റെ സാധുതയെപ്പറ്റി ജസ്റ്റിസ് കുര്യന്‍ ജോസഫ് ഉന്നയിച്ചത് സുപ്രധാന വിഷയമായിരുന്നു. ഇതിന് നിയമപരമായ ഉത്തരം നല്‍കാതെയാണ് മൂന്നംഗെബഞ്ച് വിധിപറഞ്ഞത്. മാത്രവുമല്ല, ദയാഹര്‍ജികളിലെ തീരുമാനമെന്തെന്നറിയാനും അവയെ ചോദ്യംചെയ്യാനുമുള്ള പ്രതികളുടെ അവകാശത്തെക്കുറിച്ചും 21വര്‍ഷത്തെ തടവിന്റെപേരില്‍ വധശിക്ഷ പുനഃപരിശോധിക്കേണ്ടതിന്റെ ആവശ്യത്തെക്കുറിച്ചുമുള്ള വാദമുഖങ്ങള്‍ നിരാകരിക്കപ്പെട്ടു. യാക്കൂബിനെ പിടികൂടിയ മാനസികരോഗമോ കേസന്വേഷണത്തോട് അദ്ദേഹംകാണിച്ച സഹകരണമോ കുറ്റകൃത്യത്തില്‍ അദ്ദേഹത്തിന് നേരിട്ടു പങ്കുണ്ടായിരുന്നില്ലെന്ന ബി. രാമന്റെ വെളിപ്പെടുത്തലോ സുപ്രീംകോടതിയെ തെല്ലും മയപ്പെടുത്തിയില്ല. ജൂലായ് 29ന് ജസ്റ്റിസ് മിശ്രയുടെ െബഞ്ച് അനിതരസാധാരണമായ തിടുക്കത്തോടെ ഒറ്റദിവസംകൊണ്ടാണ് ഇത്രയും സുപ്രധാനമായ കേസില്‍ 'അന്തിമ'വിധിയെഴുതിയത്. ഒരുദിവസംപോയിട്ട് ഒന്നോ രണ്ടോ ആഴ്ചപോലും മതിയാകുമായിരുന്നില്ല ഈ കേസിലെ നിയമപ്രശ്‌നങ്ങള്‍ അവധാനതയോടെ പരിശോധിക്കാന്‍. 14 ദിവസത്തേക്കെങ്കിലും വധശിക്ഷ നീട്ടിവെയ്ക്കണമെന്ന് ശത്രുഘാന്‍ ചൗഹാന്‍ കേസിലെ(2014) നിയമതത്ത്വത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷയുണ്ടായി. അതും നിരാകരിക്കപ്പെട്ടു. ജൂലായ് 29ാം തീയതി രാത്രിയും 30ന് പുലര്‍ച്ചെയുമായി ചീഫ് ജസ്റ്റിസിന്റെ മുമ്പാകെ നല്‍കപ്പെട്ട ഹര്‍ജിയും അപ്പോള്‍ത്തന്നെ നിരാകരിക്കപ്പെട്ടു. ഒരാളുടെ ജീവന്‍ സംരക്ഷിക്കാനുള്ള തിടുക്കം മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാല്‍, ഒരാള്‍ക്ക് തൂക്കുകയര്‍ മുറുക്കുന്നതിനായി ഇത്രമേല്‍ തിടുക്കംകാണിച്ച സംഭവം ഇന്ത്യാചരിത്രത്തില്‍ മുമ്പുണ്ടായിട്ടില്ല. ഒരാളെ വധശിക്ഷയ്ക്കു വിധേയനാക്കാന്‍ കാണിച്ച ഈ ഔത്സുക്യവും അതിന്റെ മുന്നോടിയായ കോടതിനടപടികളും നേരിട്ടു കണ്ടറിഞ്ഞതുകാരണം ദൈനംദിനം നടക്കുന്ന നീതിന്യായരംഗത്തെ പല നീതിനിഷേധങ്ങളും സഹിക്കാനുള്ള വിചിത്രമായ ശേഷി ഈ ലേഖകന്‍ നേടിയിരിക്കുന്നു.

പ്രശ്‌നം പക്ഷേ, വൈകാരികതയുടേതല്ല. ഇന്ത്യയിലെ വധശിക്ഷാചരിത്രം യഥാര്‍ഥത്തില്‍ തെറ്റുകളുടേതും വൈരുധ്യങ്ങളുടേതുമാണ്. 1980 മെയ് ഒമ്പതിനാണ് പ്രസിദ്ധമായ ബച്ചന്‍സിങ് കേസില്‍ (ഓള്‍ ഇന്ത്യ റിപ്പോര്‍ട്ടര്‍ 1980 സുപ്രീംകോര്‍ട്ട് 895) സുപ്രീംകോടതിയുടെ ഭരണഘടനാെബഞ്ച് വധശിക്ഷയുടെ ഭരണഘടനാപരമായ സാധുത ശരിവെച്ചത്. വധശിക്ഷയുടെ നീതിശാസ്ത്രം സംബന്ധിച്ച ഈ ആധികാരികവിധി മൗലികമായ ഉള്ളടക്കംകൊണ്ടുകൂടിയാണ് ശ്രദ്ധേയമാകുന്നത്. വിരളങ്ങളില്‍ വിരളമായ കേസുകളില്‍ (Rarest of rare cases) മാത്രം നല്‍കപ്പെടേണ്ട ഒന്നാണ് വധശിക്ഷയെന്ന ബച്ചന്‍സിങ് വിധിയിലെ തത്ത്വം പില്‍ക്കാലന്യായാധിപര്‍ അവരുടെ സമീപനവും വീക്ഷണവുമനുസരിച്ച് വ്യത്യസ്തകേസുകളില്‍ വധശിക്ഷ വിധിക്കാനോ വിധിക്കാതിരിക്കാനോ ഉപയോഗിച്ചു. എന്നാല്‍, ബച്ചന്‍സിങ് കേസിലെ മൗലികതത്ത്വം പിന്നീട് സുപ്രീംകോടതിപോലും വിസ്മരിച്ചു. ''മറ്റുവഴികള്‍ ചോദ്യംചെയ്യപ്പെടാനാകാത്തവിധം അടഞ്ഞുകഴിഞ്ഞാല്‍മാത്രം' (when the alternate option is unquestionably foreclosed) നല്‍കാവുന്നതാണ് വധശിക്ഷ'' എന്നതാണ് ബച്ചന്‍സിങ് കേസിലെ വിധിയുടെ മര്‍മം. ഈ തത്ത്വം വിസ്മരിച്ച് കുറ്റകൃത്യത്തിന്റെ വിരളതമാത്രം നോക്കി ശിക്ഷവിധിച്ചപ്പോള്‍ പലപ്പോഴും സുപ്രീംകോടതിതന്നെ തെറ്റുചെയ്യുകയായിരുന്നു. ഇക്കാര്യം സുപ്രീംകോടതിതന്നെ ഏറ്റുപറഞ്ഞിട്ടുള്ളതാണ്.

1996ലെ റാവ്ജി കേസില്‍ കുറ്റകൃത്യമാണ്, അല്ലാതെ കുറ്റവാളിയുടെ സവിശേഷതകളല്ല ശിക്ഷയെ നിര്‍ണയിക്കുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. കുറ്റവാളിയുടെ പരിഷ്‌കരണം സംബന്ധിച്ച ബച്ചന്‍സിങ് വിധിയുടെ നിഷേധമായിരുന്നു രാവ്ജി കേസിലെ അംഗബലംകുറഞ്ഞ െബഞ്ചിന്റെ വിധി.

രാവ്ജി കേസ് വിധിയോ സമാനതത്ത്വമോ പിന്‍പറ്റിക്കൊണ്ട് 13പേരെ ഇന്ത്യയില്‍ കൊലക്കയറിനിരയാക്കുകയുണ്ടായി. 2012 ജൂലായ് 25ന് രാഷ്ട്രപതിമുമ്പാകെ സമര്‍പ്പിക്കപ്പെട്ട കത്തില്‍ 14 റിട്ടയര്‍ചെയ്ത ന്യായാധിപര്‍ ചേര്‍ന്നാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഈ പിഴവ് അക്ഷരാര്‍ഥത്തില്‍ അപരിഹാര്യമായി തുടരുന്നു.

വ്യത്യസ്തകേസുകളില്‍ വ്യത്യസ്തനീതിയും അനീതിയുമാണ് വിവിധ പ്രതികള്‍ക്കു കിട്ടിയത്. 18മുതല്‍ 21വരെ വര്‍ഷങ്ങള്‍ വധശിക്ഷകാത്ത് തടവില്‍ക്കിടക്കുന്നയാളിനെ തൂക്കിക്കൊല്ലുന്നത് ശരിയല്ലെന്ന നിയമതത്ത്വം രാജീവ്ഗാന്ധി കേസിലെ പ്രതികളുടെ കാര്യത്തിലും ഭുള്ളാറിന്റെ കേസിലും വൈകിയെങ്കിലും പാലിക്കപ്പെട്ടു. ഭുള്ളാറിന്റെ കേസില്‍ ആദ്യം വധശിക്ഷ ഇളവുചെയ്യാന്‍ 2013ല്‍ സുപ്രീംകോടതി വിസമ്മതിക്കുകയുണ്ടായി [(2013)6 സുപ്രീംകോര്‍ട്ട് കേസസ് 195]. ആ വിധി 10 കാരണങ്ങളാല്‍ തെറ്റാണെന്ന് ഈ േലഖകന്‍ വിശദീകരിച്ചിരുന്നു. (ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി ജൂണ്‍ 29, ജൂലായ് 6, 2013). 2001 ആഗസ്ത് 25ന് തൂക്കിലേറാന്‍ വിധിക്കപ്പെട്ട ഭുള്ളാറിന്റെ വധശിക്ഷ പിന്നീട് ജീവപര്യന്തമാക്കി കുറച്ചത് 2014 മാര്‍ച്ച് 31നായിരുന്നു. കേവലം ഒരുവര്‍ഷത്തിനുള്ളിലാണ് സുപ്രീംകോടതി ശരിയായവിധത്തില്‍ വിധി മാറ്റിയെഴുതിയതെന്നര്‍ഥം. ശത്രുഘാന്‍ ചൗഹാന്‍ കേസിലെ ധ2014(1) സ്‌കെയില്‍ 437പ നിയമതത്ത്വമാണ് ഭുള്ളാറിന്റെ രക്ഷയ്‌ക്കെത്തിയത്. പതിറ്റാണ്ടുകള്‍ കൊലക്കയര്‍ കാത്തുകിടന്നയാളിന് അതുതന്നെ വലിയൊരു ശിക്ഷയാണ് എന്ന സാമാന്യബോധമാണ് ശത്രുഘാന്‍ ചൗഹാന്റെ കേസിലെ വിധിയുടെ അന്തഃസത്ത. രാജീവ്ഗാന്ധി വധക്കേസിലെ പ്രതികള്‍ക്കും ഈ നിയമതത്ത്വത്തിന്റെ ആനുകൂല്യം ലഭിച്ചു.

വധശിക്ഷ വിധിക്കുന്നതിലും നടപ്പാക്കുന്നതിലും സുപ്രീംകോടതിക്കുവന്ന പിഴവുകള്‍ സന്തോഷ്‌കുമാര്‍ ബരിയാറിന്റെ കേസില്‍ ധ(2009)6 സുപ്രീംകോര്‍ട്ട് കേസസ് 489പ സുപ്രീംകോടതിതന്നെ വ്യക്തമാക്കുകയുണ്ടായി. സ്വാമി ശ്രദ്ധാനന്ദയുടെ കേസിലെ (2008) വിധിയെ ഉദ്ധരിച്ചുകൊണ്ട് ന്യായാധിപരുടെ വ്യക്തിപരമായ നിലപാടുകളാണ് വധശിക്ഷയുടെ അടിസ്ഥാനമായി മാറുന്നതെന്ന് സുപ്രീംകോടതി പറഞ്ഞു. കുറ്റവാളികളുടെ സാഹചര്യങ്ങള്‍ പ്രധാനമാണെന്ന തത്ത്വം വിസ്മരിച്ചുപോയതില്‍ രാജേഷ് കുമാറിന്റെ കേസിലും ധ(2011)13 സുപ്രീംകോര്‍ട്ട് കേസസ് 706പ കോടതി 'ഖേദപ്രകടനം' നടത്തി. റാവ്ജി കേസിലെ തെറ്റുസമ്മതിക്കുന്നതാണ് സന്തോഷ്‌കുമാര്‍ ബരിയാര്‍ കേസിലെയും രാജേഷ്‌കുമാര്‍ കേസിലെയും വിധികള്‍.

എന്നാല്‍, ഇത്തരം നിയമതത്ത്വങ്ങളോ വീണ്ടുവിചാരങ്ങളോ യാക്കൂബ് മേമന്റെ കേസിലുണ്ടായില്ല. അഫ്‌സല്‍ ഗുരുവിന്റെ കാര്യത്തിലും നിയമം ശരിയായ രീതിയിലല്ല പ്രവര്‍ത്തിച്ചത്. വേറെ പലരും തെറ്റായ വധശിക്ഷയ്ക്ക് വിധേയരായി ദയാനിധി ബിഡോയ്, മോഹന്‍ അന്ന ചവാന്‍, ശിവാജി, ബാന്‍ടു, സത്തന്‍, ഉപേന്ദ്ര, അന്‍കുഷ് മാരുതി ഷിന്‍ഡെ, അംബദാസ് ലക്ഷ്മണ്‍ ഷിന്‍ഡെ, ബാപു അപ്പ ഷിന്‍ഡെ, രാജു ഷിന്‍ഡെ, രാജ്യ ഷിന്‍ഡെ, സൂര്യ, സൈബാന എന്നിവരെ തെറ്റായ നിയമതത്ത്വത്തിന്റെ അടിസ്ഥാനത്തിലാണ് വധശിക്ഷയ്ക്കു വിധിച്ചതെന്നു പറഞ്ഞത് മുന്‍ ന്യായാധിപര്‍തന്നെയാണ്. ജസ്റ്റിസ് കെ.ടി. തോമസിനെപ്പോലുള്ള പരിണതപ്രജ്ഞരായ ന്യായാധിപരടക്കം ഇക്കാര്യത്തില്‍ സത്യസന്ധവും നീതിപൂര്‍വവുമായ നിലപാട് സ്വീകരിക്കുകയുണ്ടായി.

കോടതിമാത്രമല്ല, നമ്മുടെ രാഷ്ട്രപതിമാരും ദയാഹര്‍ജികളുടെ കാര്യത്തില്‍ വ്യത്യസ്തസന്ദര്‍ഭങ്ങളില്‍ വ്യത്യസ്ത നിലപാടുകളെടുത്തു. കോടതികള്‍ ഒരു കേസില്‍ തീരുമാനമെടുക്കുന്നതുപോലെ നിര്‍മമമായും നിഷ്പക്ഷമായും നീതിന്യായപരമായ സത്യസന്ധതയോടുംകൂടി വേണം ദയാഹര്‍ജികളില്‍ തീര്‍പ്പുകല്പിക്കാന്‍. ഭരണഘടനയുടെ 72, 161 അനുേച്ഛദങ്ങളനുസരിച്ച് രാഷ്ട്രപതിയിലും ഗവര്‍ണറിലും നിക്ഷിപ്തമായ മാപ്പാക്കാനുള്ള അധികാരം (clemency jurisdiction) േകവലം ദയയുടെ വിഷയമല്ല; പ്രതിയുടെ ഭരണഘടനാപരമായ അവകാശംതന്നെയാണ്. അതിനാലാണ് അത്തരം ഉത്തരവുകള്‍ രാഷ്ട്രപതിയോ ഗവര്‍ണറോ പുറപ്പെടുവിച്ചാല്‍ അവയെ ചോദ്യംചെയ്യാനുള്ള പ്രതിയുടെ അവകാശം പ്രധാനമാകുന്നത്. നിഷ്പക്ഷമായ തീരുമാനമെടുത്താല്‍മാത്രം പോരാ, അത് നിഷ്പക്ഷമായിരുന്നെന്ന് ജനങ്ങള്‍ക്കു തോന്നുകയും വേണം. യാക്കൂബിന്റെ കാര്യത്തില്‍ ഗവര്‍ണറുടെയും രാഷ്ട്രപതിയുടെയും തീരുമാനങ്ങളുണ്ടായത് കൊലക്കയര്‍ മുറുകുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പു മാത്രമാണ്. യാക്കൂബ് അവ കണ്ടിട്ടില്ല. അവയെ ചോദ്യംചെയ്യാന്‍ അദ്ദേഹത്തെ നമ്മുടെ നിയമസംവിധാനം അനുവദിച്ചതുമില്ല. ദയാഹര്‍ജി പരിഗണിക്കുന്നതിനുമുമ്പായി മന്ത്രി രാജ്‌നാഥ്‌സിങ് രാഷ്ട്രപതിയെ കണ്ടത് ഒട്ടും ശരിയായില്ല.

ഒരു രാഷ്ട്രത്തിന്റെ ജനാധിപത്യപരമായ ഗുണനിലവാരം നിശ്ചയിക്കേണ്ടത് ഇസ്തിരിയിട്ട ജീവിതംനയിക്കുന്ന കുലീനവ്യക്തിയുടെ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലല്ല; മറിച്ച് ക്രിമിനല്‍ കേസ് പ്രതിയുടെയും തടവുകാരന്റെയും അവകാശങ്ങള്‍ എത്രകണ്ട് മാനിക്കപ്പെടുന്നുവെന്നതിന്റെ അടിസ്ഥാനത്തിലാണ്. നിയമത്തിന്റെ ദുരുപയോഗവും നീതിനിഷേധവും തടയാന്‍ അത്തരമൊരു ഉയര്‍ന്ന മാനദണ്ഡം അനിവാര്യമാണ്. വധശിക്ഷയുടെ കാര്യത്തില്‍ ഈ തത്ത്വം കൂടുതല്‍ സംഗതമാണ്.

തിന്മയുടെപേരില്‍ ഒരാള്‍ സമൂഹത്തില്‍നിന്ന് ഉന്മൂലനംചെയ്യപ്പെടണമെന്നു പറയണമെങ്കില്‍ സമൂഹം അത്രമേല്‍ നന്മനിറഞ്ഞതായിരിക്കണമെന്നു വാദിച്ചത് അല്‍ബേര്‍ കമ്യൂ. കമ്യൂവിന്റെ വാക്കുകള്‍കേട്ട് ഫ്രാന്‍സടക്കമുള്ള 130ല്‍പ്പരം രാജ്യങ്ങള്‍ ഇന്ന് ഫലത്തില്‍ വധശിക്ഷ നിര്‍ത്തലാക്കിയിരിക്കുന്നു. എന്നാല്‍, ബുദ്ധന്റെയും ഗാന്ധിജിയുടെയും നാട്ടില്‍ അത് നിര്‍ത്തലാക്കിയിട്ടില്ലെന്നുമാത്രമല്ല, നാലാള്‍ക്ക് നാലുനീതിയെന്ന രീതിയില്‍ ആസുരമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. ഈ കേസിനുവേണ്ടി ഇനിയും തനിക്ക് സമയംകളയാനില്ലെന്നും ഒരു കേസിനുവേണ്ടി എത്രതവണ വാദിച്ചുകൊണ്ടിരിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ഹാസ്യരൂപേണ ചോദിച്ചപ്പോള്‍ സുപ്രീംകോടതിയിലെ നാലാം കോടതിമുറിയില്‍നിന്ന് ചിരിയുയര്‍ന്നു. ഹിന്ദിസിനിമകളിലുംമറ്റും കാണുന്ന ഒരു ഭീകരദൃശ്യമായി ആ രംഗം മനസ്സിലവശേഷിക്കുന്നു.

മാതൃഭൂമി ദിനപത്രത്തില്‍ പത്രാധിപര്‍ എം. കേശവമേനോന്‍ എഴുതിയ ലേഖനത്തിന്റെയൊടുവില്‍ (2015 ആഗസ്ത് 10) അദ്ദേഹം നിര്‍ദേശിക്കുന്ന പരിഹാരം ഒരാളുടെ ജീവിതാന്ത്യം വരെയുള്ള പരോളില്ലാത്ത തടവ് ശ്രദ്ധേയമാണ്. വധശിക്ഷയുടെ ഇന്ത്യന്‍ അനുഭവം നല്‍കുന്ന നിയമപരവും രാഷ്ട്രീയവുമായ പാഠംകൂടിയാണിത്. ഞാന്‍ മേനോന്റെ അഭിപ്രായത്തോട് ബഹുമാനപൂര്‍വം യോജിക്കുന്നു. വധശിക്ഷകൊണ്ട് ലോകത്തൊരിടത്തും ഭീകരവാദത്തെ ഉന്മൂലംചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അത് ഭരണകൂടത്തെയും ജനതയെയും ഒരുപോലെ ബീഭത്സമാക്കുകമാത്രം ചെയ്യുന്നു.ചരിത്രം തിരുത്തപ്പെടാനുള്ളതാണ്, നിയമങ്ങള്‍ മാറ്റിമറിക്കപ്പെടാനുള്ളവയും.

(ലേഖകന്‍ സുപ്രീംകോടതിയിലും കേരള ഹൈക്കോടതിയിലും അഭിഭാഷകനാണ്)

No comments:

Post a Comment